തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ഷകാല ട്രോളിങ് നിരോധനം ജൂണ്‍ ഒൻപതിന് അര്‍ധരാത്രി ആരംഭിക്കും. ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. ഇക്കാലയളവില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്കില്ല. നേരത്തെ 45 ദിവസത്തെ ട്രോളിങ് നിരോധനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചാണ് നിരോധനം 52 ദിവസമായി നീട്ടിയത്. സംസ്ഥാനത്തിന് അകത്തുനിന്നുള്ള 3000 യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പുറമേ അയല്‍ സംസ്ഥാനത്ത് നിന്നുള്ള 800 യന്ത്രവത്കൃത ബോട്ടുകള്‍ കൂടി കേരളത്തിന്‍റെ ആഴക്കടലില്‍ നിന്ന് മത്സ്യബന്ധനം നടത്തുന്നതായാണ് കേരള ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രോളറുകള്‍ക്ക് സംസ്ഥാനത്തിന്‍റെ പുറങ്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗണിന്‍റെ ഭാഗമായ നിരോധനം കൂടിയാകുമ്പോൾ ട്രോളറുകളില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ ജീവിതം ദുരിത പൂര്‍ണമാണെന്ന് യന്ത്രവത്കൃത ബോട്ടുടമകള്‍ ആവശ്യപ്പെടുന്നു.
Also Read : കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ പുനരാരംഭിക്കും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ ബോട്ടുകളോടും ഇന്നുതന്നെ കേരള തീരം വിടണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളിലേതടക്കം തീരമേഖലയിലെ ഡീസല്‍ പമ്പുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിക്കില്ല. ജൂലൈ 31 വരെ മത്സ്യഫെഡിന് ഇന്ധന പമ്പുകളില്‍ നിന്ന് മാത്രമേ പരമ്പരാഗത വള്ളങ്ങള്‍ക്ക് ഡീസല്‍ നല്‍കുകയുള്ളൂ.