തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നതിനിടെ പിണറായി വിജയന് എതിരെ വീണ്ടും ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി മുൻപ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ സുദൃഢമായ ബന്ധമാണ് ശിവശങ്കറുമായുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ അടങ്ങുന്ന ഫയലുകൾ കാണാതായ സമയത്ത് ശിവശങ്കറായിരുന്നു വൈദ്യുതി ബോര്‍ഡിന്‍റെ സിഎംഡി. അന്ന് മുതലുള്ള ആഴമേറയ ബന്ധമാണ് ഇരുവര്‍ക്കുമുള്ളതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
സസ്പെൻഷൻ മാത്രം നല്‍കി ശിവശങ്കറിനെ സംരക്ഷിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട. ശിവശങ്കറിന് മുഖ്യമന്ത്രിയോടുള്ള അടുപ്പം പോലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം. പ്രതികളും ശിവശങ്കറും തമ്മിലുള്ള ബന്ധം പുറത്ത് വന്നിട്ടും മുഖ്യമന്ത്രി ഇപ്പോഴും സുരക്ഷാ വലയം ഒരുക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നിരവധി തവണ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിട്ടുണ്ട്. സിസിടിവി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ദൃശ്യങ്ങൾ പരിശോധിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് പറയണം. സോളര്‍ കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് സംസാരിച്ചയാളാണ് മുഖ്യമന്ത്രി. ഒരു വര്‍ഷം വരെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്തു ന്യായീകരണമാണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.
രാജ്യദ്രോഹ കുറ്റവാളികള്‍ക്ക് സഹായം നല്‍കിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ എന്തുകൊണ്ട് സിപിഎം തള്ളി പറയുന്നില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. സ്പ്രിങ്ക്ളര്‍ ഇടപാടിലെ വിവാദത്തില്‍ സിപിഐ പരസ്യമായി രംഗത്ത് എത്തിയിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചു. മുഖ്യമന്ത്രിയുടെ ജീവിത രഹസ്യങ്ങളുടെ ഉള്ളറകള്‍ ശിവശങ്കറിന് അറിയുന്നത് കൊണ്ടാണോ അദ്ദേഹത്തെ കൈവിടാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.