തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയില്‍ കേരളം തണുത്ത് വിറയ്ക്കുമ്പോള്‍ മൃഗശാലയിലെ പക്ഷിമൃഗാദികളിലേക്കും പടരുകയാണ് കുളിര്. തണുപ്പില്‍ നിന്ന് ഇവയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ പ്രത്യേക പരിചരണ മുറി ഒരുക്കുകയാണ് തിരുവനന്തപുരം മൃഗശാല അധികൃതര്‍.(Trivandrum Zoo Started Care Rooms) നിലവില്‍ പെരുമ്പാമ്പുകളില്‍ ഏറ്റവും നീളമുള്ള ഇനമായ റെറ്റിക്കുലേറ്റഡ് പൈത്തണിന് (Reticulated Python) പ്രത്യേക പരിചരണമൊരുക്കിയിരിക്കുകയാണ് മൃഗശാല അധികൃതര്‍.
ഭാരത്തിന്‍റെ കാര്യത്തില്‍ അനാക്കോണ്ടയ്ക്കും ബര്‍മീസ് പൈത്തണും (Anaconda And Burmese Python) പിന്നില്‍ മൂന്നാം സ്ഥാനത്താണ് റെറ്റിക്കുലേറ്റഡ് പൈത്തണുള്ളത്. ഇവയുടെ മഴക്കാല പരിചരണത്തിന്‍റെ ഭാഗമായി ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. 24 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് റെറ്റിക്കുലേറ്റഡ് പൈത്തണുകളുടെ ആവാസയോഗ്യമായ താപനില.
ഇത് 24 ഡിഗ്രി സെല്‍ഷ്യസിന് താഴെ എത്തിയാല്‍ താപനില ക്രമീകരിക്കുന്നതിനായാണ് ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ (Infra Red Light) അടക്കമുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ.അലക്‌സാണ്ടര്‍ ജേക്കബിന്‍റെ നിര്‍ദേശപ്രകാരം മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കുകയുള്ളൂ. കൂടിന് പുറത്തായി ആവശ്യാനുസരണം ഇളക്കി മാറ്റാവുന്ന തരത്തിലാണ് ഇന്‍ഫ്രാറെഡ് ലൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.
കൂടിനുള്ളില്‍ ഉണ്ടായിരുന്ന വള്ളിച്ചെടികള്‍ മാറ്റി സൂര്യപ്രകാശം കൂടിനുള്ളിലേക്ക് പതിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് റെറ്റിക്കുലേറ്റഡ് പൈത്തണുകളാണ് മൃഗശാലയിലുള്ളത്. ഉരഗങ്ങള്‍ക്ക് മാത്രമായി പ്രത്യേകം സജ്ജമാക്കിയ ഭാഗത്താണ് ഇവയുടെ കൂട്.
മൂന്ന് പൈത്തണുകളെയും ഒരു കൂട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2016ല്‍ ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് റെറ്റിക്കുലേറ്റഡ് പൈത്തണുകളെ തിരുവനന്തപുരത്ത് എത്തിച്ചത്. നിലവില്‍ റെറ്റിക്കുലേറ്റഡ് പൈത്തണുകള്‍ക്ക് മാത്രമാണ് മഴക്കാലത്ത് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമേ ജില്ലയില്‍ കുളമ്പുരോഗം (Foot And Mouth disease ) സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാംസഭോജികളായ മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം കോഴിയിറച്ചിയാക്കി മാറ്റിയിട്ടുണ്ട്. മാംസഭോജികള്‍ക്ക് രാവിലെ 11:30ന് ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കുന്നത്. ആഴ്‌ചയില്‍ ഒരു ദിവസം ഇവയ്ക്ക് ഭക്ഷണം നല്‍കാറില്ല.
അതേസമയം വന്യജീവി വാരാഘോഷത്തിന്‍റെ (Wildlife Animal Week) ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മൃഗശാലയില്‍ സൗജന്യ പ്രവേശനം ഒരുക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സൗജന്യ പ്രവേശനം ഇക്കാലയളവില്‍ മാത്രമായിരിക്കുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.