തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഇന്ന് രാത്രി പിൻവലിക്കും. കണ്ടെയ്ൻമെന്‍റ് സോണിന്‍റെ എല്ലാ കാർക്കശ്യത്തോടെയും പൊന്നാനിയില്‍ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സമൂഹ വ്യാപന സാധ്യത തടയാൻ സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കി. അതിർത്തി കടന്ന് ദിനം പ്രതിയുള്ള യാത്രകൾ അനുവദിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകുന്നവർ മാസത്തിലൊരിക്കൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ക്രമീകരിക്കണം. മഞ്ചേശ്വരം ഭാഗത്ത് നിന്ന് മംഗലാപുരത്തേക്കും തിരിച്ചുമുള്ള യാത്രകൾ രോഗ വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന തിരുവനന്തപുരത്ത് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾക്കും ചില സന്നധ സംഘടനകൾക്കും അനുമതി നൽകി. അത്യാവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം നഗരത്തിന് അകത്തേക്കും പുറത്തേക്കും നിബന്ധനകളോടെ യാത്ര അനുവദിക്കും. മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളെ നഗരത്തിലെ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ളവ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കല്ല്യാണങ്ങൾക്ക് വരന്‍റെയും വധുവിന്‍റെയും കുടുംബങ്ങളിൽ നിന്ന് 10 പേരെ മാത്രം പങ്കെടുപ്പിക്കാം. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. പലചരക്ക് കടകൾ രാവിലെ ഏഴ് മുതൽ 11 വരെ പ്രവർത്തിക്കാം. കടയിൽ പോകാൻ സത്യവാങ്മൂലം കൈയിൽ കരുതണം. അടുത്തുള്ള കടകളിൽ കിട്ടാത്ത മെഡിക്കൽ ആവശ്യങ്ങൾക്കും വളരെ അത്യാവശ്യമുള്ള മറ്റു കാര്യങ്ങൾക്കും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെടാം.