തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൃദയം ശസ്ത്രക്രിയ വിഭാഗത്തിലെ റസിഡന്‍റ് ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പർക്കത്തില്‍പ്പെട്ട ജീവനക്കാർ നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കി. ഡോക്ടര്‍മാര്‍ അടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ പോകുന്നത്. കഴിഞ്ഞ് ദിവസങ്ങളില്‍ ഡോക്ടർ ചികിത്സിച്ച രോഗികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇവർക്കെല്ലാം രോഗ പരിശോധന നടത്തും.
ഇതു കൂടാതെ ശ്രീചിത്രയില്‍ ചികിത്സയ്ക്ക് എത്തിയ ഒരു രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ചികിത്സിച്ച ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവര്‍ നിരീക്ഷണത്തില്‍ പോയി. കൂടുതല്‍ രോഗികളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്.
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്ത ഇവിടത്തെ രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇതോടെ സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തിലായി. സ്‌റ്റേഷന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകാതിരിക്കാന്‍ സമീപത്തെ സ്റ്റേഷനില്‍ നിന്നും പൊലീസുകാരെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.