തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ മറ്റ് കരാർ ജീവനക്കാരും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ചീഫ് സെക്രട്ടറിയുടെ സ്പെഷ്യൽ സെൽ ടീം ലീഡർ നിരഞ്ജൻ.ജെ നായർ, ഡെപ്യൂട്ടി ലീഡർ കവിത.സി പിള്ള എന്നിവർ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കുന്നതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. സർക്കാർ മുദ്ര ഉപയോഗിക്കുന്നതിന് കൃത്യമായ മാർഗ രേഖകൾ നിലനിൽക്കെയാണ് ചീഫ് സെക്രട്ടറിയുടെ സ്പെഷ്യൽ സെൽ ടീം ലീഡർ, ഡെപ്യൂട്ടി ലീഡർ, ചീഫ് മിനിസ്റ്റേഴ്സ് ഐ.ടി ഫെല്ലോ, പ്രോഗ്രാം മാനേജർ എന്നിങ്ങനെയുള്ള കരാർ ജീവനക്കാർ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കുന്നത്.
കരാർ ജീവനക്കാരെ സർക്കാർ നിയമിച്ചതല്ലെന്ന് വിശദീകരണം വന്നതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ കൂടുതൽ കരാർ ജീവനക്കാർ സർക്കാർ മുദ്ര ദുരുപയോഗം ചെയ്യുന്നതിന്‍റെ തെളിവുകൾ പുറത്തു വരുന്നത്. പൊതു ഭരണ വകുപ്പാണ് സർക്കാർ മുദ്ര അനുവദിക്കുന്നത്. സർക്കാരിന്‍റെ പ്രസ് മാന്വലിൽ സർക്കാർ മുദ്ര ആർക്കൊക്കെ ഉപയോഗിക്കാം എന്ന് വ്യക്തമായി പറയുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ, അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്തവർ, വകുപ്പ് മേധാവികൾ, സർക്കാർ പ്രത്യേകമായി അനുമതി നൽകുന്ന വ്യക്തികൾ, മന്ത്രിമാരുടെ സ്പെഷ്യൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്കെല്ലാമാണ് സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഈ സാഹചര്യത്തിലാണ് പിഡബ്ല്യുസി അടക്കമുള്ള കരാർ കമ്പനികളുടെ ജീവനക്കാർ സർക്കാർ മുദ്ര ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്.