തിരുവനന്തപുരം: ഈ മാസം 30ന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് നിയമനങ്ങൾ നടന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ഈ വർഷം വിരമിക്കാൻ തയ്യാറെടുക്കുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിരവധി പേർ വിരമിച്ച ഒഴിവുകളിൽ കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ല. കരാർ നിയമനങ്ങൾ ധാരാളമായി നടന്നിട്ടുള്ളത് റാങ്ക് പട്ടികയിൽ ഉള്ള ഉദ്യോഗാർഥികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിലും ആരോഗ്യ വകുപ്പിലും പുതിയ നിയമനങ്ങൾ നടന്നിട്ടില്ല. സർക്കാർ കോളജുകളിലെ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകളിലും നാമമാത്രമായ നിയമനങ്ങളേ നടന്നിട്ടുള്ളൂ. ഉദ്യോഗസ്ഥരുടെ കുറവ് വകുപ്പുകളുടെ പ്രവർത്തനം താളം തെറ്റിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ കാലാവധി നീട്ടുകയും നിയമനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.