തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ തെളിവുകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നശിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സെക്രട്ടേറിയറ്റിലെ സിസിടിവികൾ ഇടിമിന്നലേറ്റ് നശിച്ചെന്ന് ചൂണ്ടിക്കാട്ടി പുതിയ സിസിടിവികള്‍ സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് ഇതിന്‍റെ ഭാഗമാണ്. ചീഫ് സെക്രട്ടറിക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ എട്ട് പേര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ നിഴലിലാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മിന്‍റ് എന്ന സ്വകാര്യ സ്ഥാപനം നിയമിച്ച ആളുകള്‍ക്ക് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് അടിക്കാമെന്ന് പറയാന്‍ ചീഫ് സെക്രട്ടറിക്ക് എന്തധികാരമാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ള സ്റ്റാഫംഗങ്ങളുടെ ലിസ്റ്റ് എത്രയും വേഗം പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.