തിരുവനന്തപുരം: നഗരസഭയും പീപ്പിൾ ഫോർ അനിമൽസും ചേർന്നൊരുക്കിയ ദത്തെടുക്കൽ ക്യാമ്പിലൂടെ പുതുജീവിതം ലഭിച്ചത് നിരവധി നായ്ക്കുഞ്ഞുങ്ങൾക്ക്. തെരുവിൽ ഉപേക്ഷിക്കപ്പെട്ടതോ ജനിച്ചതോ ആയ നാടൻ നായ്ക്കുഞ്ഞുങ്ങളെയാണ് ക്യാമ്പിലെത്തിച്ചത്. ഇവയെ തങ്ങളുടെ കുടുംബത്തിലേക്ക് കൂട്ടാൻ വിദ്യാർഥികളും വീട്ടമ്മമാരും അടക്കം നിരവധി നായ പ്രേമികളെത്തി.
പതിനായിരങ്ങൾ മുടക്കി വളർത്തുനായ്ക്കളെ വാങ്ങുന്നവർ പൊതുവേ പരിഗണിക്കാത്ത ഇനമാണ് നാടൻ നായകൾ. ഭക്ഷണം കിട്ടാതെയും മനുഷ്യൻ്റെ ആക്രമണം നേരിട്ടും തെരുവിൽ കഴിയുന്ന ഇവയുടെ ജീവിതം പലപ്പോഴും പോരാട്ടമാണ്. സാഹചര്യങ്ങളോട് എതിരിട്ട് ഇവയും ആക്രമണകാരികളായിത്തീരുകയാണ് പതിവ്.
ദുരിതസാഹചര്യങ്ങൾക്ക് വിട്ടുകൊടുക്കാതെ പീപ്പിൾ ഫോർ അനിമൽസ് പ്രവർത്തകർ രക്ഷിച്ച നിരവധി നായ്ക്കുഞ്ഞുങ്ങൾ ദത്തെടുത്തവർക്കൊപ്പം പോയി. ജനിച്ച് കണ്ണുതുറക്കും മുമ്പേ വലിച്ചെറിയപ്പെട്ടവരോ തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ മക്കളോ ആണിവർ.
ALSO READ: കാഴ്‌ചയും കൗതുകവും... അതിനേക്കാൾ അപകടവും നിറയുന്ന കൂവപ്പാറയിലെ ഗുഹ.. അധികൃതർ അറിയുന്നുണ്ടോ ഇത്...
പൂജപ്പുര മണ്ഡപത്തിലായിരുന്നു ക്യാമ്പ്. വാക്‌സിനേഷൻ നടത്തിയാണ് നായ്ക്കുട്ടികളെ ഇവിടെ നിന്നും കൈമാറുന്നത്. ഇവയുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡും ഉണ്ടാവും. ദത്തെടുക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കും.
നായ്ക്കളോടുള്ള പൊതുജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആവശ്യക്കാർക്ക് നായ്ക്കുട്ടികളെ ലഭ്യമാക്കുന്നതിനും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി മാസത്തിൽ രണ്ട് തവണയെങ്കിലും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.