തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വകാര്യവ്യക്തി തോട് കൈയേറി വീട് നിര്‍മിക്കുന്നതായി പരാതി. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്താണ് കൈയ്യേറ്റം നടന്നിരിക്കുന്നത്. തോടിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് വീട് നിര്‍മിക്കുന്നതെന്നാണ് ആരോപണം. നിര്‍മാണത്തിന് നഗരസഭയുടെയും റവന്യൂ വിഭാഗത്തിന്‍റെയും മൗനാനുവദാമുള്ളതായും നാട്ടുകാര്‍ പറഞ്ഞു.
തോടിന്‍റെ സ്വഭാവിക ഒഴുക്കിനെ നിര്‍മാണം ബാധിച്ചതോടെ സമീപത്തെ പത്ത് ഏക്കര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. നെയ്യാറ്റിന്‍കര കണ്ടല്‍ പ്രദേശത്തെ അമ്പതിലകം കുടുംബങ്ങളാണ് വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്.
കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു. രണ്ടര മീറ്റര്‍ വീതി ഉണ്ടായിരുന്ന തോട് ഒരു മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് വില്ലേജ് ഓഫീസര്‍ പരിശോധനയില്‍ കണ്ടെത്തി. തോടിന് ഇരുവശവുമുള്ള സ്ഥലങ്ങള്‍ വാങ്ങിയശേഷമാണ് സ്വകാര്യവ്യക്തി തോട് സ്ലാബിട്ട് അടച്ച് നിര്‍മാണം ആരംഭിച്ചത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ സാംക്രമിക രോഗങ്ങള്‍ പടരുന്നുണ്ട്.
അതേസമയം തോടിനെ നവീകരിച്ച് സ്ലാബിട്ട് നിര്‍മാണ പ്രവര്‍ത്തനം നടത്തുകയാണ് ചെയ്തതെന്ന് സ്ഥലം ഉടമ പറഞ്ഞു. എക്കര്‍ കണക്കിന് കൃഷി സ്ഥലം വെള്ളം കയറുകയും കിണറുകള്‍ മലിനമാവുകയും ചെയ്തിട്ടും അധികാരികള്‍ നടപടി എടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റീസര്‍വെ രേഖകളില്‍ ഉള്‍പ്പെടെ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.