തിരുവനന്തപുരം: നഗരസഭയിലെ ക്രിട്ടിക്കല്‍ കണ്ടെയ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറയിലെ വാർഡുകളില്‍ കൂടുതല്‍ ഇളവുകൾ. പൂന്തുറ മേഖലയിലെ 66, 75, 74 വാർഡുകളിലാണ് ഇളവുകൾ നല്‍കിയത്. പ്രദേശത്ത് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കി. മത്സ്യ ബന്ധനത്തിനും വില്പനയ്ക്കും അനുമതിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ വാർഡുകളുടെ ബഫർ സോണുകളായ മുട്ടത്തറ, വലിയതുറ, വള്ളക്കടവ് എന്നീ വാർഡുകളിലും ഇളവുകൾ ഉണ്ടാകും. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കെപ്കോ എന്നിവയുടെ മൊബൈൽ യൂണിറ്റുകളും മേഖലകളില്‍ എത്തും. കൂടുതൽ ചികിത്സ ഉറപ്പാക്കാൻ രണ്ടു മൊബൈൽ ആശുപത്രികൾ കൂടി സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവരെ രക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ബോധപൂർവം ശ്രമിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. അത് ജനങ്ങളോടുള്ള ക്രൂരതയാണ്. അത്തരം ശ്രമങ്ങളിൽ നിന്ന് അവർ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.