തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ സർക്കാരിന് എതിരെ ആരോപണം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്ത നടപടിയും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ വിശദാംശങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെയും ഇത്തരത്തില്‍ നേരിടാനാണ് നീക്കം. പ്രസ്താവനകളില്‍ മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരെ മാറ്റാനും ധാരണയായി. ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യവും ചർച്ച ചെയ്യും.
സർക്കാരിന്‍റെ മുഖം മിനുക്കല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ ക്ഷേമപദ്ധതികൾ വേണമെന്നും സിപിഎം സർക്കാരിനെ അറിയിച്ചുണ്ട്. വിവാദത്തില്‍ സർക്കാരിനോ പാർട്ടിക്കോ പ്രതിസന്ധി ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ സർക്കാരിനൊപ്പം തന്നെയാണന്ന നിലപാട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെ ലേഖനത്തിലൂടെ പറയുകയും ചെയ്തിരുന്നു.