തിരുവനന്തപുരം: കൊവിഡിനൊപ്പം കാലവർഷക്കെടുതി കൂടി രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ മാർഗ നിർദേശവുമായി ആരോഗ്യ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ ഒരുക്കാൻ നിർദേശം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുറച്ച് പേരെ ഉൾപ്പെടുത്തി കൂടുതൽ ക്യാമ്പുകൾ സ്ഥാപിക്കാൻ നിർദേശം.
20 മുതൽ 30 പേരെ മാത്രമേ ഒരു ക്യാമ്പില്‍ പാർപ്പിക്കാവൂ. കൊവിഡ് രോഗ ലക്ഷണമില്ലാത്ത 18നും 50നും ഇടയിൽ പ്രായമുള്ളവരെ മാത്രം വലിയ ക്യാമ്പുകളിൽ മാറ്റണം. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേകം പാർപ്പിക്കാൻ സംവിധാനം ഒരുക്കണം. ക്യാമ്പുകളിൽ ആരോഗ്യ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തണം. കൊവിഡ് പരിശോധനയ്ക്കും സംവിധാനം ഉറപ്പാക്കണം. ലക്ഷണമുള്ളവർക്ക് ആന്‍റിജൻ പരിശോധന നടത്തുകയും പോസിറ്റീവാകുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ വാഹനം അടക്കമുള്ള സംവിധാനവും ഒരുക്കണം. സാനിറ്റൈസർ, കൈകൾ കഴുകുന്നതിന് സോപ്പ്, ശുദ്ധജലം എന്നിവ ഉറപ്പ് വരുത്തണം. ക്യാമ്പില്‍ എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം. ഇവയെല്ലാം നടപ്പിലാകുന്നുമെന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പ് വരുത്തണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.