തിരുവനന്തപുരം: സി.പി.എമ്മിനെയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തെയും കടന്നാക്രമിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും അറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിന് പാര്‍ട്ടി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന ഇരട്ട പ്രഹരമാകുന്നു. മേയര്‍ ചെറിയ കുട്ടിയാണെന്നും ചെയ്ത തെറ്റിന് പൊതു മാപ്പ് മതിയെന്നുമുള്ള സുധാകരന്റെ പ്രസ്താവന ആയുധമാക്കി ബി.ജെ.പി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. പാര്‍ട്ടി പ്രസിഡന്റിന്റെ പ്രസ്താവന തിരഞ്ഞു കൊത്തുമെന്നു മനസിലാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മേയര്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണെന്ന് തിരുത്തി.
കത്ത് പുറത്താവുന്നു: സെപ്തംബര്‍ 5ന് പുറത്തിറങ്ങിയ മലയാള ദിനപത്രത്തിലൂടെയാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ നിയമനക്കത്ത് പുറത്തു വരുന്നത്. വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെ അതിരാവിലെ തന്നെ കോര്‍പ്പറേഷന്‍ ഓഫീസില്‍ സംഘടിച്ചെത്തിയ ബി.ജെ.പി കടുത്ത പ്രതിഷേധത്തിനു തുടക്കമിട്ടു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളോ തിരുവനന്തപുരം ഡി.സി.സിയോ ഇതു സംബന്ധിച്ച് ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ പോലും തയ്യാറായില്ല.
ഉച്ചയോടെ കോര്‍പ്പറേഷനിലെ ആകെയുള്ള 10 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കവാടത്തില്‍ കുത്തിയിരിപ്പു സമരം നടത്തിയെന്നു വരുത്തി പിരിഞ്ഞു. ഈ സമയം വീണുകിട്ടിയ അവസരം ബി.ജെ.പി മുതലെടുത്തു. കോര്‍പ്പറേഷനകത്തും പുറത്തും അവര്‍ സമരം കടുപ്പിച്ചു. അടിയന്തരമായി ബി.ജെ.പി ജില്ല കമ്മിറ്റി യോഗം ചേര്‍ന്ന് സമര പരിപാടികള്‍ക്ക് രൂപം നല്‍കി.
പന്തല്‍ കെട്ടി സമരം: സമരം ബി.ജെ.പി ഏറ്റെടുക്കുകയാണെന്ന് മനസിലായതോടെ കോണ്‍ഗ്രസ് രംഗത്തിറങ്ങിയെന്നു വരുത്തി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ. അവിടുന്നും ഇവിടുന്നും ചില കോണ്‍ഗ്രസ് നേതാക്കളുമെത്തി. അത്ര തന്നെ. 2020ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വെറും 10 സീറ്റിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂപ്പു കുത്തിയ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ആയുധം കയ്യില്‍ കിട്ടിയാലും ഉപയോഗിക്കാനറിയാത്ത സ്ഥിതി.
ഭിന്നത പുറത്ത്: ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കു പഠിക്കുകയാണെന്നായിരുന്നു ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരിഹാസം. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും എല്ലാം ബി.ജെ.പിക്കു വിട്ടു കൊടുത്ത് നിസംഗതയോടെ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയുമായാണ് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് നേതൃത്വത്തെ പ്രവര്‍ത്തകര്‍ ഉപമിക്കുന്നത്. 100 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഒരിടത്തു പോലും ജനകീയ സമരം നടത്താന്‍ കഴിയാത്ത സ്ഥിതിയില്‍ കോണ്‍ഗ്രസ് സംഘടന സംവിധാനം അത്രമേല്‍ ദുര്‍ബ്ബലമായെന്നാണ് ആരോപണം.
ആലസ്യം വിട്ടുമാറാതെ കോൺഗ്രസ്: തിരുവനന്തപുരം, നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം എന്നീ നാല് നിയമസഭ മണ്ഡലങ്ങള്‍ കൂടി സ്ഥിതി ചെയ്യുന്ന കോര്‍പ്പറേഷനാണ് എന്ന ചിന്തയില്ലെന്നു മാത്രമല്ല, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥിതി ചെയ്യുന്ന കെ.പി.സി.സി ആസ്ഥാനത്തിരിക്കുന്ന നേതാക്കള്‍ക്കു പോലും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയമില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നാല് നിയമസഭ മണ്ഡലങ്ങളില്‍ രണ്ടിടത്ത് 2021 ല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. ആ ആലസ്യത്തില്‍ കോണ്‍ഗ്രസ് ഇനിയും മോചിതമായില്ലെന്ന് വ്യക്തമായി. പുതിയ ഡി.സി.സി നേതൃത്വവും ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
കത്തിന് തീപ്പിടിപ്പിച്ച് ബിജെപി: ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കാര്യാലയത്തിനുള്ളിലും അവരുടെ വിവിധ പോഷക സംഘടനകള്‍ ഓഫീസിനു പുറത്തും ശക്തമായ സമരത്തിനു നേതൃത്വം നല്‍കുകയാണ്. 100 വാര്‍ഡുകളിലും ബി.ജെ.പി സായാഹ്ന ധര്‍ണകളും പന്തംകൊളുത്തി പ്രകടനങ്ങളും നടത്തി വിഷയം പൊതു മദ്ധ്യത്തിലെത്തിച്ചു. ഇതെല്ലാം കാഴ്ചക്കാരെ പോലെ കോണ്‍ഗ്രസ് വികാര രഹിതമായി നിലകൊള്ളുന്ന കോണ്‍ഗ്രസിനാണ് സുധാകരന്റെ പ്രസ്താവന ശവപ്പെട്ടിയിലെ ആണിയായി മാറുന്നത്.
വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ കക്ഷി നടത്തുന്ന എല്ലാ അഴിമതികള്‍ക്കും കോണ്‍ഗ്രസ് കുടപിടിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ.സുധാകരന്റെ പ്രസ്താവനയെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് ആരോപിച്ചു. ഇത്രയും കൊടിയ അഴിമതി നടന്നിട്ടും അതിനെ ന്യായീകരിക്കുന്ന സുധാകരന്‍ പരസ്യമായി മാപ്പു പറയണമെന്നു കൂടി ആവശ്യപ്പെട്ടതോടെ നിയമന വിവാദം സി.പി.എമ്മിനെ മാത്രമല്ല കോണ്‍ഗ്രസിനെയും അടിക്കാനുള്ള വടിയാക്കുകയാണ് ബി.ജെ.പി ശ്രമമെന്ന് വ്യക്തമായി.
കോണ്‍ഗ്രസ് ആകട്ടെ 10 കൗണ്‍സിലറുമായി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തുന്ന വഴിപാടു സമരം എങ്ങനെ അവസാനിപ്പിക്കാമെന്ന ആലോചനയിലും. ഇത്രയും നല്ലൊരവസരം വീണുകിട്ടിയിട്ടും അത് ബി.ജെ.പിയുടെ കാല്‍ക്കീഴില്‍ അടിയറവച്ച് നിസംഗതയോടെ നോക്കി നില്‍ക്കുന്ന തിരുവനന്തപുരം ഡി.സി.സി, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന അമര്‍ഷം വൈകാതെ പുറത്തു വരുമെന്നാണ് സൂചന.