തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് ജനുവരിയിലേയ്ക്ക് മാറ്റി. രണ്ട് വർഷം മുമ്പാണ് കോവളത്ത് കുറ്റികാട്ടിൽ വച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയതോടെ വിചാരണ നടപടികൾ ഇനിയും നീണ്ടുപോകും.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെയും പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടില്ല. 2018ലാണ് സഹോദരിയോടൊപ്പം ചികിത്സയ്ക്കായി വിദേശ വനിത കേരളത്തിൽ എത്തുന്നത്. കോവളത്ത് എത്തിയ ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിക്കുകയും ബോട്ടിങ് നടത്താമെന്ന പേരിൽ പ്രതികൾ വള്ളത്തിൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
പ്രതികളെ ദിവസങ്ങളോളം ചോദ്യം ചെയ്‌ത ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽകാട്ടിലുണ്ടെന്ന് അറിഞ്ഞത്. ഇതിനിടയിൽ വിദേശ വനിതയുടെ കൊലപാതകത്തിലെ അന്വേഷണം ശരിയല്ലെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുഹൃത്തായ ആൻഡ്രു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഹർജി തള്ളി.
വിദേശ യുവതിയെ കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പനതുറ സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.