തിരുവനന്തപുരം: നൂറിൽ പരം നിക്ഷേപകരിൽ നിന്നും അൻപത് കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പ്രതി പോലും ഹാജരാകാതെ വിചാരണ നടന്നു. ഐ നെസ്റ്റ് എന്ന സ്ഥാപനത്തിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപ നഷ്‌ടമായവരാണ് കോടതിയിൽ മൊഴി നൽകിയത്.
ഉള്ളൂർ സ്വദേശിയും മുൻ ഇൻഷുറൻസ് കമ്പനി അസി.മാനേജരുമായ വിജയകുമാരൻ നായർ, തിരുമല സ്വദേശി അനില എന്നിവരാണ് മൊഴി നൽകിയത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്‌റ്റ് 20 വരെയാണ് കേസിനാസ്‌പദമായ സംഭവം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയത്. ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായായിരുന്നു തട്ടിപ്പ് . ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലവധിയുടെയും അടിസ്ഥാനത്തിൽ 20% മുതൽ 80% വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടും തോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.
ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്‌കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, ക്യാൻവാസിംഗ് ഏജന്‍റുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ, മിലി.എസ്.നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.