തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തട്ടിപ്പ് സംബന്ധിച്ച് ക്രിമിനൽ കേസിൽ നടപടികൾ പുരോഗമിക്കുകയാണെന്നും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രതിയായ ഉദ്യോഗസ്ഥന്‍റെ സർവീസ് കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കും. തട്ടിപ്പ് നടന്ന സാഹചര്യത്തിൽ ട്രഷറിയിൽ എല്ലാവിധ പരിശോധനയും നടത്തിയെന്നും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ എല്ലാവിധ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മികച്ച ട്രഷറി സോഫ്റ്റ്‌വെയറാണ് കേരളത്തിലേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫങ്ക്ഷണൽ ഓഡിറ്റ് ഉടൻ നടത്തും. പിഴവുകൾ കണ്ടെത്തിയാൽ പരിഹരിക്കുമെന്നും ട്രഷറിയിൽ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ട്രഷറി സംവിധാനത്തിന്‍റെ വിശ്വാസ്യത തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.