തിരുവനന്തപുരം : Transgender Battalion In Kerala Police : ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി പ്രത്യേക പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ. വിഷയത്തില്‍ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറേക്ക് പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ കൈമാറി.
ബറ്റാലിയന്‍ എ.ഡി.ജി.പിയോടും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോടും പൊലീസ് മേധാവി അഭിപ്രായം ആരാഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ നിയമിക്കുന്നതിന്‍റെ പ്രായോഗിക വശങ്ങള്‍ അറിയിക്കാനാണ് പൊലീസ് മേധാവി ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളെ എന്തൊക്കെ ചുമതലകള്‍ക്ക് വിനിയോഗിക്കാം, എവിടെയൊക്കെ നിയോഗിക്കാം, പരിശീലനം എങ്ങനെ ക്രമീകരിക്കാം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇതിനായി എ.ഡി.ജി.പിമാരുടെ യോഗം വിളിക്കാന്‍ പൊലീസ് മേധാവി തീരുമാനിച്ചു. യോഗതീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ശുപാര്‍ശ പൊലീസിന് നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യം തള്ളിക്കളയാനിടയില്ലെന്നാണ് സൂചന.
പൊലീസിന്‍റെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനത്തിലേക്ക് കടക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് വലിയൊരളവുവരെ പരിഹാരമായേക്കാവുന്ന തീരുമാനം നടപ്പായാല്‍ മറ്റ് സംസ്ഥാനങ്ങളും ഭാവിയില്‍ ഇത് മാതൃകയാക്കിയേക്കും.