തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ രണ്ട് ദിവസത്തേക്ക് നിയന്ത്രണം. തൃശൂരിൽ റെയിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം. ജനശതാബ്‌ദി അടക്കം മൂന്ന് ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
നാളെ സർവീസ് നടത്തേണ്ട ജനശതാബ്‌ദിയും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദി (2.50pm), എറണാകുളം-ഷൊർണൂർ മെമു (5.35pm), എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് (7.40pm) എന്നീ ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്.
കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് (2.50), തിരുവനന്തപുരം-ചെന്നൈ മെയിൽ (3 മണി), കന്യാകുമാരി-ബാംഗ്ലൂർ (10.10) എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്. കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. കന്യാകുമാരി- ബാംഗ്ലൂർ ട്രെയിൻ 2 മണിക്കൂർ വൈകിയേ പുറപ്പെടൂ.
കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി നാളെ സർവീസ് നടത്തില്ല. ട്രെയിൻ സർവീസുകളുടെ നിയന്ത്രണം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. യാത്രക്കാർക്ക് സീറ്റുകൾ കെഎസ്ആർടിസിയുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാം. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.