തിരുവനന്തപുരം: ജനതാദൾ എസ് പിളർപ്പിലേക്ക്. സി കെ നാണു എം എൽ എ യെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി പകരം മാത്യു ടി തോമസിനെ ദേശീയ നേതൃത്വം അധ്യക്ഷനാക്കിയത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഒരു വിഭാഗം പാർട്ടി നേതാക്കൾ സമാന്തര യോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ് ചന്ദ്രകുമാർ, അഡ്വക്കേറ്റ് മാത്യു ജോൺ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. നാളെ സംസ്ഥാന സമിതി യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന്‍റെ പല രാഷ്ട്രീയ നിലപാടുകളും പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണെന്നും ഇതിനെതിരെയുള്ള തിരുത്തൽ ശക്തി എന്ന നിലയിലാണ് നാളെ സംസ്ഥാന സമിതിയോഗം വിളിച്ചുചേർത്തിരിക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ദേശീയതലത്തിൽ പാർട്ടി ബിജെപിയോട് അടുക്കുകയാണ്. കർഷകസമരമടക്കമുള്ള വിഷയങ്ങളിൽ പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതിന് പിന്നിൽ ബിജെപിയുമായുള്ള ധാരണയാണെന്നും നേതാക്കൾ ആരോപിക്കുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻമന്ത്രി മന്ത്രി മാത്യു ടി തോമസ് എന്നിവർ മത്സരിച്ച സീറ്റുകളടക്കം പെയ്മെന്‍റ് സീറ്റികളാണെന്നും പാർട്ടിക്കുള്ളിൽ വലിയ അഴിമതിയും അരാജകത്വവുമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യുന്നവരെ ഉടൻ തന്നെ പുറത്താക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നാളെ രാവിലെ 11 മണിക്ക് വൈ എം സി എ ഹാളിലാണ് സംസ്ഥാന സമിതിയോഗം വിളിച്ചുചേർത്തിരിക്കുന്നത്. കമ്മിറ്റിയിലെ മുഴുവൻപേരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും മൂന്നിൽരണ്ട് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുമെന്നും ഇവർ അവകാശപ്പെടുന്നു.