തിരുവനന്തപുരം: തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ആവശ്യം ധനവകുപ്പ് തള്ളി. ഇതോടടെ ഈ വര്‍ഷവും ബമ്പറിന്‍റെ ഒന്നാം സമ്മാനം 25 കോടിയായി തുടരും. സമ്മാന ഘടനയില്‍ നിരവധി മാറ്റങ്ങളും ഇപ്രാവശ്യം നടത്തിയിട്ടുണ്ട്.
125 കോടി 54 ലക്ഷം രൂപയാണ് ഈ വര്‍ഷം തിരുവോണം ബമ്പറിന്‍റെ ആകെ സമ്മാനത്തുക. ഇത്തവണ രണ്ടാം സമ്മാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ഇത്തവണ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 50 ലക്ഷം രൂപയായി 20 പേര്‍ക്കാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി വീതം പത്ത് പേര്‍ക്കായിരുന്നു മൂന്നാം സമ്മാനം നല്‍കിയത്. അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്കാണ് ഇപ്രാവശ്യം നാലാം സമ്മാനം.
രണ്ട് ലക്ഷം രൂപയാണ് ഇപ്രാവശ്യം അഞ്ചാം സമ്മാനം. ഇത്, പത്ത് പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ് ഇപ്രാവശ്യം സമ്മാനത്തുക.
2021ല്‍ 12 കോടിയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ഈ സമയം ടിക്കറ്റ് വില. 2022ലാണ് ബമ്പറിന്‍റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഓണം ബമ്പറിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് സമ്മാനത്തുകയും ടിക്കറ്റ് വിലയും ഉയര്‍ത്തിയതെന്ന് അന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനായിരുന്നു ലഭിച്ചത്. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് സെന്‍ററില്‍ നിന്നും വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ സമ്മാനത്തിന് അര്‍ഹനാക്കിയത്. സമ്മാനത്തുക കൈപ്പറ്റിയ ശേഷം, അനൂപ് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യശാലി തന്‍റെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താതെ ആയിരുന്നു സമ്മാനത്തുക കൈപ്പറ്റിയത്. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ M 5087 ഏജൻസിയിൽ നിന്നും ആദർശ് എന്ന ഏജന്‍റായിരുന്നു ടിക്കറ്റ് വിറ്റത്.
ഏജൻസി കമ്മീഷനായ 10 ശതമാനവും 30 ശതമാനം മറ്റ് നികുതികളുമടക്കം 40 ശതമാനം കഴിഞ്ഞുള്ള തുകയാണ് ഒന്നാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് ലഭിക്കുക. ഒരു കോടി വീതം ആറ് പേര്‍ക്കായിരുന്നു വിഷു ബമ്പറിന്‍റെ രണ്ടാം സമ്മാനം. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം വിഷു ബമ്പറിന്‍റെ രണ്ടാം സമ്മാനം ലഭിച്ചത്.