തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഓഫിസുകളിലെ എന്‍ജിനീയറിങ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളില്‍ വിജിലന്‍സ് റെയ്‌ഡ്. വിവിധ അനുമതികള്‍ക്കായി ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ ഓഫിസുകളിലാണ് വിജിലന്‍സ് റെയ്‌ഡ്.
രാവിലെ 11 മുതല്‍ ഒരേ സമയത്താണ് എല്ലാ കോര്‍പ്പറേഷന്‍ ഓഫിസുകളിലും സോണല്‍ ഓഫിസുകളിലും മിന്നല്‍ പരിശോധന ആരംഭിച്ചത്. സാധാരണ ജനങ്ങള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയും ഏജന്‍റുമാര്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് മിന്നല്‍ പരിശോധന.
ALSO READ: കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതു മാത്രം; പൊലീസ്
വാണിജ്യ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുകയും അതിനുശേഷം സര്‍ക്കാര്‍ പുറമ്പോക്കുകളും ഫുട്‌പാത്തുകളും കയ്യേറി നടത്തുന്ന നിര്‍മാണങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു, പാര്‍ക്കിങ് സ്ഥലം ഏന്ന നിലയില്‍ നിര്‍മാണം നടത്തി അനുമതി നേടിയ ശേഷം ഇവിടം മറ്റ് ആവശ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതും ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നു തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് റെയ്‌ഡ്. പരിശോധന ഇപ്പോഴും തുടരുകയാണ്.