തിരുവനന്തപുരം: മ്യൂസിയം ആര്‍കെവി റോഡില്‍ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിച്ച തെരുവ് കച്ചവടകേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും താക്കോൽ കൈമാറാതെ നഗരസഭ. കടമുറികൾക്ക് മുൻകൂർ നൽകേണ്ട തുകയും വാടകയും സംബന്ധിച്ച് അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കച്ചവടക്കാരുടെ പുനരധിവാസം വൈകുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 1.7 കോടി ചെലവിൽ നിർമ്മിച്ച 34 കടമുറികളടങ്ങിയ റോഡ് വെൻഡിംഗ് സോണിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റ് 21ന് മുന്‍മന്ത്രി എം വി ഗോവിന്ദനാണ് നിർവഹിച്ചത്.
വിൽക്കുന്ന സാധനങ്ങളുടെ സ്വഭാവമനുസരിച്ച് നാല് തരത്തിലാണ് കടമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കച്ചവടക്കാർ 15,000 മുതൽ 25,000 രൂപ വരെ അഡ്വാൻസ് തുകയും 4000 മുതൽ 5000 രൂപ വരെ വാടകയായും നൽകേണ്ടി വരും. ഇതിന് പുറമെ വൈദ്യുത ചാർജും വാട്ടർ ചാർജും കച്ചവടക്കാർ നൽകണം. ഇത് സംബന്ധിച്ച് അന്തിമതീരുമാനമാകാത്തതിനെ തുടർന്നാണ് പുനഃരധിവാസം വൈകുന്നത്.
വർഷങ്ങളോളമായി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന നിരവധി കച്ചവടക്കാരാണിവിടെയുള്ളത്. കച്ചവടക്കാരെ പുനരധിവസിക്കുന്നതിനൊപ്പം ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും, പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. പുതിയ കച്ചവട കേന്ദ്രങ്ങളിലേക്ക് മാറാനാകാത്തതിനെ കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എസ് സലിമിനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് കച്ചവടക്കാർ പറയുന്നു.
മ്യൂസിയം, കനകക്കുന്ന് പരിസരങ്ങളെ രാത്രികാലങ്ങളിലും സജീവമാക്കാൻ സൗകര്യമൊരുക്കി മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. കോട്ടക്കകത്തെ ശ്രീചിത്തിരതിരുനാൾ പാർക്കിലും, മാനവീയം വീഥിയിലും തെരുവ് കച്ചവടകേന്ദ്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഇതിൽ ആദ്യത്തേതാണ് നിലവില്‍ പൂർത്തിയായിരിക്കുന്നത്.