തിരുവനന്തപുരം: നഗരത്തിന്‍റെ ഹൃദയഭാഗാമായ കിഴക്കേക്കോട്ടയിലെത്തുന്ന കാൽ നടയാത്രക്കാർക്ക് അപകടഭീതിയില്ലാതെ സധൈര്യം റോഡ് മുറിച്ചുകടക്കാം. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത കിഴക്കേകോട്ടയിൽ ഒരുങ്ങുന്നു. 102 മീറ്ററാണ് ആകാശപ്പാതയുടെ നീളം.
നഗരസഭയുടെ സഹകരണത്തോടെ ആക്സോ എൻജിനീയേഴ്‌സ് എന്ന സ്വകാര്യ കമ്പനിയാണ് നാല് കോടി രൂപ ചെലവിട്ട് ആകാശപ്പാത നിർമ്മിക്കുന്നത്. ആകാശപ്പാതയ്ക്ക് രണ്ട് ലിഫ്റ്റോടു കൂടിയ നാല് എൻട്രൻസുകളാണുള്ളത്. ഗാന്ധി പാർക്കിന് സമീപത്ത് നിന്ന് ലിഫ്റ്റിലൂടെ ആകാശപ്പാതയിലേക്ക് പ്രവേശിക്കാം.
ആദ്യ പാത മുറിച്ചു കടക്കുമ്പോൾ ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്ക് സുഗമമായി ഇറങ്ങാം. അവിടെ നിന്ന് മുന്നോട്ട് പോയാൽ കോവളം, വിഴിഞ്ഞം ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിലേക്ക് ഇറങ്ങാനുള്ള സൗകര്യവും ഉണ്ട്. രണ്ടാമത്തെ പാത മുറിച്ചു കടന്നാൽ കോവളം ബസ് സ്‌റ്റോപ്പിന് മറുവശത്തെത്താം. അവിടെയും ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സെല്‍ഫി കോർണറും 3D സ്ക്രീനും
കൂടാതെ സെൽഫി കോർണറും, പരസ്യചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് 3D സ്ക്രീനും ആകാശപ്പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. 95 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. മേയ് ആദ്യവാരത്തോടെ ആകാശപാത പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടനത്തിന് മുൻപ് തന്നെ ആകാശനടപ്പാതയ്ക്ക് ജനങ്ങളുടെ ഭാശത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരക്കേറിയ നഗരങ്ങളിൽ ഇത്തരം സംവിധാനങ്ങൾ വളരെ അത്യാവശ്യമാണെന്നും അവർ അഭിപ്രായപ്പെടുന്നു.