തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. മരിച്ച അനീഷിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചതായും അന്വേഷണ ചുമതലയുള്ള പേട്ട സിഐ റിയാസ് രാജ പറഞ്ഞു.
മകളും കൊല്ലപ്പെട്ട അനീഷ് ജോർജും തമ്മിൽ സ്വന്തം വീട്ടിൽ രഹസ്യകൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്ന് സൈമൺ ലാലന് ബോധ്യമായിരുന്നു. ഇതോടെ മൂർച്ചയേറിയ കത്തി കരുതിവച്ച് ലാലൻ ദിവസങ്ങൾ ഉറങ്ങാതെ അനീഷിനെ കാത്തിരുന്നു. വീട്ടിൽ വന്നാൽ ജീവനോടെ തിരിച്ചയയ്ക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു കാത്തിരിപ്പ്.
പുതുവർഷത്തോടടുപ്പിച്ച് അനീഷ് തന്‍റെ മകളെ കാണാനെത്തുമെന്നായിരുന്നു ലാലന്‍റെ കണക്കുകൂട്ടൽ. സംഭവ ദിവസം മകളുടെ മുറിയിൽ അനീഷിന്‍റെ സാന്നിധ്യം ഉറപ്പിച്ച സൈമൺ ലാലൻ വാതിൽ തകർത്ത് അകത്തു കയറി അനീഷിന്‍റെ നെഞ്ചിൽ കുത്തി. രക്ഷപ്പെട്ട് ഓടാനുള്ള ശ്രമത്തിനിടെ പിന്നിലും കുത്തി.
ALSO READ ട്രെയിനില്‍ എഎസ്ഐയുടെ മര്‍ദനമേറ്റ പൊന്നന്‍ ഷമീറിനെ കണ്ടെത്തി
തുടർന്ന് കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി ധരിപ്പിച്ചു. പൊലീസെത്തി അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മകളും അനീഷും തമ്മിലുള്ള ബന്ധം താക്കീതിലൂടെ അവസാനിപ്പിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കെണിയിൽ കുടുക്കി കൈകാര്യം ചെയ്യാൻ സൈമൺ ലാലൻ തീരുമാനിച്ചത്.
ശാസ്‌ത്രീയ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്‌തതോടെ കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്ന മൊഴിയിൽ നിന്ന് പ്രതി മാറാൻ തയ്യാറായത്. ഫോറൻസിക് രേഖകൾ, മൊബൈൽ രേഖകൾ, അനീഷിനോട് പ്രതിക്ക് ഒടുങ്ങാത്ത പകയുണ്ടെന്ന് തെളിയിക്കുന്ന സാഹചര്യത്തെളിവുകൾ തുടങ്ങിയവ നിരത്തി പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്‍റെ ശ്രമം.
ALSO READ Monson Mavunkal Case | ഐ.ജി ലക്ഷ്‌മണിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നീക്കം