തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ മ്യൂസിയം പരിസരത്ത് യുവതി ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ കുറ്റം നിഷേധിച്ച് അറസ്റ്റിലായ സന്തോഷ്. മ്യൂസിയം ആക്രമണക്കേസിലും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന കേസിലും താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് പറഞ്ഞാണ് സന്തോഷ് കുറ്റം നിഷേധിച്ചത്. മാത്രമല്ല പൊലീസ് തന്നെ കള്ളക്കേസിൽ ഉള്‍പ്പെടുത്തിയതാണെന്നും സന്തോഷ് ആരോപിച്ചു.
ചോദ്യം ചെയ്യലിന്‍റെ ആദ്യഘട്ടം മുതൽ തന്നെ സന്തോഷ് പൊലീസിനോട് സഹകരിച്ചിരുന്നില്ല. താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു സന്തോഷ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ കാണിച്ചുള്ള തെളിവെടുപ്പിലും പ്രതി കുറ്റം നിഷേധികുകയാണ് ചെയ്‌തത്. തുടര്‍ന്നാണ് സന്തോഷിനെ, കുറവൻകോണത്ത് അതിക്രമിച്ച് കടക്കുകയും പൂട്ട് പൊളിക്കാൻ ശ്രമിക്കുകയും ചെയ്‌ത വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ ഏറെ നിർണായകമായത്. അതേസമയം കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.