തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടർമാരടക്കം നൂറ്റമ്പതോളം ജീവനക്കാർ കൊവിഡ് നിരീക്ഷണത്തില്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ ഏഴ് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരുമുൾപ്പെടെ 20 പേർക്കാണ് മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായവരിൽ 40 പേർ ഡോക്‌ടർമാരാണ്. കൊവിഡ് വിഭാഗത്തിന് പുറത്ത് ജോലി ചെയ്‌തിരുന്നവർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്. പി.ജി ഡോക്‌ടർമാർക്കും രോഗം സ്ഥിരികരിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 40 ഡോക്‌ടർമാരും 75 നഴ്‌സുമാരും ക്വാറന്‍റൈനിലാണ്.
ഡോക്‌ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മെഡിക്കൽ കോളജ് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആശുപത്രിയിൽ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ പരിശോധന ഫലം ആദ്യഘട്ടത്തിൽ നെഗറ്റീവായിരുന്നു. ചികിത്സ കാലയളവിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സിച്ച ഡോക്‌ടർമാരും നഴ്‌സുമാരും ക്വാറന്‍റൈനിൽ പോകുന്നത് സ്വാഭാവിക നടപടി മാത്രമാണന്നും ഡോ. ഷർമ്മദ് പറഞ്ഞു.
രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ഒ.പിയിലെ തിരക്ക് നിയന്ത്രിക്കും. അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. സന്ദർശകർക്ക് ആശുപത്രിയിൽ പ്രവേശനമുണ്ടാകില്ല. അതേ സമയം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പ്രതിദിനം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു.