തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം. രാവിലെ ആറുമണി മുതൽ തന്നെ ഉദ്യോഗാർഥികളുടെ എണ്ണം വർധിച്ചു. ഇതോടെ ഉദ്യോഗാർഥികളെ തിരിച്ചയക്കാൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും ഇഷ്‌ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് നഴ്‌സ്, ക്ലീനിങ് സ്‌റ്റാഫ് എന്നീ തസ്‌തികകളിലേക്ക് നിയമനം നടത്താനാണ് അപേക്ഷ ക്ഷണിച്ചത്. പത്രത്തിൽ പരസ്യം കണ്ട് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് എത്തിയത്. എത്ര ഒഴിവുകൾ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നില്ലെന്നും കുറച്ചു പേരുടെ അഭിമുഖം നടത്തിയ ശേഷം മറ്റുള്ളവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായുമാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ട് ഉദ്യോഗാർത്ഥികളെ ഒഴിപ്പിച്ചു. ബക്കിയുള്ള അപേക്ഷകൾ ഒരുമിച്ച് വാങ്ങിയ ശേഷം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് അധികൃതർ ഉദ്യോഗാർഥികളെ മടക്കി അയക്കുകയും ചെയ്‌തു.