തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിവിധ വാർഡുകൾ സന്ദർശിക്കുന്നതിനിടെ ലിഫ്‌റ്റിൽ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് മന്ത്രി ഉടൻ നടപടിയെടുത്തു.
അത്യാഹിത വിഭാഗം സന്ദര്‍ശിക്കുന്ന സമയത്താണ് രോഗികളുടെ ബന്ധുക്കള്‍ രോഗികളെ ലിഫ്റ്റിൽ കയറ്റുന്നില്ലെന്ന് പരാതി പറഞ്ഞത്. ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട മന്ത്രി ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലിഫ്റ്റ് ഓപ്പറേറ്റർക്ക് മുന്നറിയിപ്പ് നൽകി. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതരോട് മന്ത്രി നിർദേശിച്ചു.
മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡ്, കൊവിഡ് ഐസിയു എന്നിവ മന്ത്രി നേരിട്ട് സന്ദര്‍ശിച്ചു. കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും സീനിയര്‍ ഡോക്‌ടര്‍മാരുടെ സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ളവ വിലയിരുത്തുകയും ചെയ്തു. ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.
അത്യാഹിത വിഭാഗം, മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനം നേരില്‍ കാണുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലെ റെഡ് സോണ്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ കരൾ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്ന ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ പരിശോധിക്കുകയും എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നൽകുകയും ചെയ്‌തു.
മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയായിരുന്നു മന്ത്രിയുടെ സന്ദർശനം.
Also Read: സ്‌കൂളില്‍ പോകാന്‍ മടി; നാലാം ക്ലാസുകാരന്‍റെ ശരീരം പൊള്ളിച്ച അമ്മ അറസ്റ്റില്‍