തിരുവനന്തപുരം: പഠനവും രാഷ്‌ട്രീയവും ഒരുമിച്ചു കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പഠനമില്ലാതെ രാഷ്‌ട്രീയ പ്രവര്‍ത്തനമുണ്ടെന്ന് കരുതുന്നില്ല. തങ്ങളുടെ മേയര്‍ പഠനത്തിലും മുന്നിലായിരിക്കണമെന്ന് തിരുവനന്തപുരത്തെ ജനങ്ങളും ആഗ്രഹിക്കുന്നു. വിളിച്ച് ആശംസ അറിയിക്കുന്നവര്‍ ഇങ്ങോട്ടാവശ്യപ്പെടുന്നത് മേയര്‍ പഠനം തുടരണമെന്നാണ്. ബിരുദ പഠനം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയുമൊക്കെ ആഗ്രഹമുണ്ട്. പഠനത്തിനു വേണ്ടി രാഷ്‌ട്രീയമോ രാഷ്‌ട്രീയത്തിനു വേണ്ടി പഠനമോ കോംപ്രമൈസ് ചെയ്യേണ്ടതില്ലെന്ന് ആര്യ ഇടിവി ഭാരതിനോടു പറഞ്ഞു.
തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. ഇത് നഗരസഭ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ നഗര വാസികള്‍ക്കും ഒരുവബോധം ആവശ്യമാണ്. യുവാക്കള്‍ക്കായി സ്വയം തൊഴില്‍ പദ്ധതി പരിഗണനയിലാണ്. ഐ.പി.എസാകണം എന്നത് ഒരാഗ്രഹമായിരുന്നു. ഇനി പാര്‍ട്ടി പറയുന്നതു പോലെ പ്രവര്‍ത്തിക്കും. ജന സേവനമാണ് ലക്ഷ്യം നല്ലൊരു സഖാവായിരിക്കുക എന്നതാണ് ആഗ്രഹം. ആര്യ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് സി.പി.എം പറഞ്ഞിട്ടാണ്. തനിക്ക് രാഷ്‌ട്രീയ ലക്ഷ്യമില്ല. തന്നിലൂടെ പാര്‍ട്ടി എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടിയാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.