തിരുവനന്തപുരം : ഫോർട്ട് പൊലീസ് സ്റ്റേഷനിലുണ്ടായ കസ്റ്റഡി മർദനത്തില്‍ മുൻ സർക്കിൾ ഇൻസ്‌പെക്‌ടര്‍ ഉൾപ്പടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് കേസെടുക്കാന്‍ കോടതി ഉത്തരവ്. മുൻ സിഐ ഷെറി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, സുരേഷ് എന്നിവർക്കെതിരെയാണ് കോടതി കേസ് രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 506(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് എ അനീസയുടേതാണ് ഉത്തരവ്. 2019 ഒക്ടോബർ എട്ടിനാണ് സംഭവം. ഫോർട്ട് പൊലീസ് പിടികൂടി സ്റ്റേഷനിലെ വാറണ്ട് സെക്ഷൻ എന്നറിയപ്പെടുന്ന സിഐയുടെ റൂമിന് തൊട്ടടുത്തുള്ള മുറിയില്‍വച്ച് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതിക്കാരന്‍ കോടതിയിൽ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.
മണക്കാട് സ്വദേശി നിയാസാണ് സ്വകാര്യ ഹർജി നല്‍കിയത്. മനു എന്ന മണക്കാട് സ്വദേശിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി പ്രതി നിയാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിയാസ് മറ്റൊരു കേസിൽ കോടതിൽ എത്തിയപ്പോഴാണ് പൊലീസ് ഇയാളെ വാറണ്ട് കേസിൽ പിടികൂടിയത്. 2006 ല്‍ ഇതേ സ്റ്റേഷനില്‍ വച്ച് മര്‍ദനത്തെ തുടര്‍ന്ന് ഉദയകുമാര്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.