തിരുവനന്തപുരം : ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ട അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് മനീഷിനെയാണ് തിരിച്ചറിഞ്ഞത്. മോഷണം തടയാന്‍ ശ്രമിച്ചയാളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ, ശ്രീകണ്ഠേശ്വരത്തുവച്ച് വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനിലെ ബൈക്ക് പട്രോളിംഗ് സംഘത്തിന്റെ കൈയ്യിലകപ്പെട്ടിരുന്നു.
എന്നാല്‍ ഇവിടെയും പൊലീസിനുനേരേ തോക്കുചൂണ്ടി രക്ഷപ്പെട്ട സംഘത്തില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നതായി വീഡിയോയില്‍ കാണുന്നയാളാണ് മുഹമ്മദ് മനീഷ്. ഇടപ്പഴഞ്ഞിയില്‍ മോഷണശ്രമം നടത്തിയ ദിവസം രാവിലെ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും സംഘം മോഷണം നടത്തിയിരുന്നു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പിഎംജിയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് അന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇടപ്പഴഞ്ഞിയില്‍ മലയിന്‍കീഴ് ഗേള്‍സ് ഹൈസ്‌കൂളിലെ പ്രഥമാധ്യാപിക സിന്ധുവിന്റെ വീട് കുത്തിത്തുറക്കാനായിരുന്നു മോഷ്‌ടാക്കളുടെ ശ്രമം. സമീപത്തുതന്നെ താമസിക്കുന്ന ഇവരുടെ ഡ്രൈവര്‍ ലാല്‍ ഓടിയെത്തി അക്രമികളെ ചോദ്യം ചെയ്യുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തതോടെ മുഹമ്മദ് മോനിഷിനൊപ്പമുണ്ടായിരുന്ന രണ്ടാമന്‍ തോക്കുചൂണ്ടി. ലാല്‍ ഓടി രക്ഷപ്പെട്ടതോടെ അക്രമികള്‍ രണ്ടുപേരും സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ട് സ്ഥലംവിട്ടു.
തുടര്‍ന്ന് നിവാസികള്‍ മോഷ്‌ടാക്കളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ഇതോടെ തിരച്ചില്‍ ആരംഭിച്ച പൊലീസ് ശ്രീകണ്ഠേശ്വരത്തിന് സമീപം സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ അക്രമികളുടെ വാഹനം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനുനേരെ തോക്കുചൂണ്ടി ഇവിടെ നിന്നും ഇവര്‍ രക്ഷപ്പെട്ടു.