തിരുവനന്തപുരം : മേയറുടെ കത്ത് വിവാദത്തില്‍ പ്രക്ഷോഭ പരമ്പര അരങ്ങേറുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ പുതിയ പ്രശ്നമുയര്‍ത്തി യു.ഡി.എഫ്. മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ വനിതകള്‍ ഉള്‍പ്പടെയുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കുനേരെ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു അസഭ്യ വര്‍ഷം ചൊരിഞ്ഞ ശേഷം മുണ്ടുയര്‍ത്തി കാട്ടിയെന്നാണ് ആരോപണം. പി.കെ. രാജുവിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പി.പത്മകുമാര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
വനിതകളോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി മേയര്‍ തല്‍സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ ഡെപ്യൂട്ടി മേയര്‍ നിഷേധിച്ചു. പതിവുപോലെ മേയറുടെ രാജി ആവശ്യപ്പെട്ട് കോര്‍പറേഷന്‍റെ മുഖ്യ കവാടത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതിനിടെ ഡെപ്യൂട്ടി മേയര്‍ എത്തി.
കോര്‍പറേഷനുമുന്നിലെ സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.കെ.രാജു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ട മുദ്രാവാക്യം അപ്പോള്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. ഇതോടെ പ്രകോപിതനായ രാജു ആദ്യം അസഭ്യ വര്‍ഷം നടത്തി.ഇതവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇദ്ദേഹം ഉടുമുണ്ട് ഉയര്‍ത്തി കാട്ടിയെന്നുമാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പരാതി.
വനിതകളെ ഉള്‍പ്പടെ അവഹേളിച്ച ഡെപ്യൂട്ടി മേയര്‍ രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പി.പത്മകുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വനിത കൗണ്‍സിലര്‍മാര്‍ നാളെ വനിത കമ്മിഷന് പരാതി നല്‍കുമെന്നാണ് സൂചന.