തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, സുനീഷ് വി.എം എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം.
മുഖ്യമന്ത്രിക്കെതിരായി മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌ത വലിയതുറ പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, ആര്‍.കെ നവീന്‍കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മജിസ്‌ട്രേറ്റ് ലെനി തോമസിന്‍റേതാണ് ഉത്തരവ്.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനാണ് അനില്‍കുമാര്‍. ഇദ്ദേഹത്തിനെതിരെയും വധശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇ.പി ജയരാജന്‍ ഇല്ലാതിരുന്നെങ്കില്‍ താന്‍ വിമാനത്താവളത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടേനെയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിനുപിന്നാലെ കോടതി ജയരാജനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത് സി.പി.എമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.