തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡ് തിരുവനന്തപുരം കോർപറേഷന് 14.56 കോടി രൂപ പിഴ ഈടാക്കി നോട്ടീസയച്ച സംഭവത്തിൽ ഹെൽത്ത് ഓഫീസറെ ബലിയാടാക്കി തലയൂരാൻ ഭരണ സമിതിയുടെ ശ്രമം. കഴിഞ്ഞ മാസം ഇരുപത്തിയേഴിന് നോട്ടീസ് ലഭിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടി ഹെൽത്ത് ഓഫീസർ ഡോ.ശശികുമാറിനെ സസ്പെൻഡ് ചെയ്‌തു. നാല് ജീവനക്കാരോട് വിശദീകരണവും തേടി. എന്നാൽ സെക്രട്ടറിയുടെ പേരിൽ വന്ന നോട്ടീസ് ഒപ്പിട്ടു വാങ്ങിയത് സൂപ്രണ്ടാണെന്ന് നടപടി നേരിട്ട ജീവനക്കാർ വിശദീകരിക്കുന്നു.
പിഴ ഈടാക്കിയത് ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം പതിനൊന്നിന് ബിജെപിയുടെ ആവശ്യപ്രകാരം ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു ഭരണ സമിതിയുടെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഷയം വോട്ടിനിടാൻ തയാറായതുമില്ല. നോട്ടീസ് ലഭിക്കാത്തതിനാൽ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.ശ്രീകുമാർ വിശദീകരിച്ചിരുന്നു. കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നെന്ന് ആരോപിച്ച് സെക്രട്ടറി എല്‍.എസ്.ദീപക്കെതിരെയും കെ.ശ്രീകുമാറിനെതിരെയും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നാളത്തെ കൗൺസിൽ യോഗത്തിൽ ഇരുവരുടെയും രാജി ആവശ്യപ്പെടുമെന്ന് ബിജെപി വ്യക്തമാക്കി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന മേയർ വി.കെ. പ്രശാന്തിനെ സഹായിക്കുന്നതിനാണ് നോട്ടീസ് ലഭിച്ച കാര്യം മറച്ചുവച്ചതെന്നാണ് ആരോപണം.