തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിനിടെ നാടകീയരംഗങ്ങൾ. വീട്ടുകരം അഴിമതിക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ബിജെപിയുടെ വനിത കൗൺസിലർമാർ മേയറെ തടഞ്ഞ് കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ചു. അതേസമയം, എൽഡിഎഫിലെ വനിത കൗൺസിലർമാരുടെ സഹായത്തോടെ ഡയസിലെത്തിയ മേയർ മിനിട്ടുകൾക്കുള്ളിൽ നടപടികൾ തീർത്ത് അജണ്ടകൾ പാസാക്കി കൗൺസിൽ വിട്ടു.
കൗൺസിൽ യോഗം ആരംഭിക്കുന്നതിനു മുൻപുതന്നെ ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധം ആരംഭിച്ചിരുന്നു. മേയർ ഡയസിലേക്ക് പ്രവേശിക്കുന്ന വാതിൽ തടഞ്ഞ് ബിജെപിയുടെ മൂന്ന് വനിതാ കൗൺസിലർമാർ കിടപ്പായതോടെ എൽഡിഎഫിന്‍റെ വനിത കൗൺസിലർമാർ സഹായത്തിനെത്തുകയായിരുന്നു. ഇവരുടെ സഹായത്തോടെ പ്രതിഷേധക്കാരെ മറികടന്ന് മേയർ ചെയറിലെത്തിയതോടെ ബിജെപി കൗൺസിലർമാരും യുഡിഎഫ് കൗൺസിലർമാരും പ്രതിഷേധ മുദ്രാവാക്യം ആരംഭിച്ചു.
മിനിട്ടുകൾക്കുള്ളിൽ നടപടികൾ തീർത്ത് അജണ്ടകൾ പാസായതായി അറിയിച്ച് പൊലീസിന്‍റെയും എൽഡിഎഫ് കൗൺസിലർമാരുടെയും സഹായത്തോടെ മേയർ മടങ്ങി. തുടർന്ന് ബിജെപി കൗൺസിലർമാർ ഭരണകക്ഷിയിലെ കൗൺസിലർമാരുടെ വഴി മുടക്കി പ്രതിഷേധം തുടർന്നു.
ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. നികുതി ക്രമക്കേടിൽ രാഷ്‌ട്രീയ ലാഭത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. കുടിശിക നിവാരണ നടപടികൾ തുടങ്ങിയതായും ആരുടെയും പണം നഷ്‌ടപ്പെടില്ലെന്നും മേയർ വ്യക്തമാക്കി.
എന്നാൽ ഡമ്മി പ്രതികളെയാണ് നികുതി ക്രമക്കേടിൽ ഇതുവരെ അറസ്റ്റ് ചെയ്തതെന്നാണ് ബിജെപി കൗൺസിലർമാരുടെ ആരോപണം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കൗൺസിൽ യോഗം പിരിഞ്ഞതെന്നും ബിജെപി ചൂണ്ടിക്കാട്ടി. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് ബിജെപി തീരുമാനം.
Also Read: 'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി