തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടർ നവജോത് ഖോസ അറിയിച്ചു. തിരുവനന്തപുരത്തെ ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് പഠിക്കാനായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി സർക്കാറിന് സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. അതേസമയം സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിങ്ങുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണമെന്നും ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയും പ്രയോജനപ്പെടുത്തണം.
ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. കണ്ടെയ്‌ൻമെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും.
ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവക്ക് പ്രവർത്താനുമതിയില്ല. എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ തുറന്നു പ്രവർത്തിക്കാം. വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെയുള്ള സമയത്തെ വിൽപന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം. മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. കണ്ടെയ്‌ൻമെന്‍റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എന്നാല്‍ എല്ലാത്തരം കാർഷിക, കെട്ടിട നിർമാണ പ്രവർത്തനങ്ങളും കണ്ടെയ്‌ൻമെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം. സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല. ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഇളവുകൾ ഒന്നും ബാധകമല്ല.