തിരുവനന്തപുരം: സിഐഎസ്എഫിന്‍റെ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിന് റിപ്പബ്ലിക് ദിന സമ്മാനമായി ബുള്ളറ്റ് റെസിസ്റ്റന്‍റ് വാഹനം കൈമാറി തിരുവനന്തപുരം രാജ്യന്തര വിമാനത്താവളം. കേരളത്തില്‍ വിമാനത്താവള സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനമാണിത്. സിഐഎസ്എഫിന്‍റെ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിനാണ് റിപ്പബ്ലിക് ദിന സമ്മാനമായി അദാനി ഗ്രൂപ്പ് വാഹനം നല്‍കിയത്.
ബി6 ലെവല്‍ ബാലിസ്റ്റിക് പരിരക്ഷ നല്‍കുന്ന ബിആര്‍ വാഹനത്തില്‍ (മഹീന്ദ്ര മാര്‍ക്‌സ്‌മാന്‍) 6 പേര്‍ക്ക് കയറാം. വെടിയുണ്ട, ഗ്രനേഡുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ബോഡിയാണ് വാഹനത്തിനുള്ളത്. ഡോറുകള്‍ക്കും ഇംപാക്‌ട് ഏരിയകള്‍ക്കും പരിരക്ഷ നല്‍കും വിധമുള്ള ബാലിസ്റ്റിക് സ്റ്റീല്‍ ഇന്‍റീരിയര്‍ ഫ്രെയിമാണ് വാഹനത്തിനുള്ളത്. വ്യൂ ഗ്ലാസും ഗണ്‍ പോര്‍ട്ടും ഉള്‍ക്കൊള്ളുന്ന കവചിത സ്വിങ് ഡോറാണ് പിന്‍ഭാഗത്തുള്ളത്. ഡോറുകളുടെ അധിക കവചിത ഭാരം നികത്താന്‍ ഹെവി-ഡ്യൂട്ടി ഡോര്‍ ഹിങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനാചാരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പരേഡ്, ഡോഗ് സ്‌ക്വാഡ് പ്രദര്‍ശനം, സിഐഎസ്എഫ് സംഘത്തിന്‍റെ ദേശ ഭക്തി ഗാനം തുടങ്ങിയ കലാപരിപാടികള്‍ സംഘടിപ്പിച്ചു. ദേശീയതലത്തില്‍ നടത്തിയ ഫയര്‍ ഓഫിസര്‍മാരുടെ കോഴ്‌സില്‍ ഉന്നത റാങ്ക് നേടിയ എയ്റോഡ്രോം റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് (എആര്‍എഫ്എഫ്) ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.