തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടത് സംബന്ധിച്ച് യുഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ ഇതു സംബന്ധിച്ച് കൂടിയാലോചനയ്ക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. പെട്ടെന്ന് ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയായിരുന്നു. അതിനു ശേഷം നേതാക്കളുമായി സംസാരിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയില്ല.
പൗരത്വ പ്രശ്‌നത്തില്‍ കേരളം ഒറ്റക്കെട്ട് എന്ന സന്ദേശം നല്‍കുന്നതിനായിരുന്നു മുൻഗണന. എന്നാല്‍ സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ ചില സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അതില്‍ നിന്ന് പിന്‍മാറണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍എസ്‌പി, സിഎംപി എന്നീ ഘടക കക്ഷികളും ഇന്നു നടന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. തീരുമാനമെടുത്ത ശേഷമല്ല ഇതു സംബന്ധിച്ച ചര്‍ച്ച നടത്തേണ്ടതെന്ന വാദമുയര്‍ത്തിയാണ് ആര്‍എസ്‌പി യോഗം ബഹിഷ്‌കരിച്ചത്.