തിരുവന്തപുരം : കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം. അഞ്ച് പവനിലധികം സ്വർണവും ലാപ്ടോപ്പും മോഷണം പോയി. കാട്ടാക്കട പൂവച്ചൽ പുന്നാംകരിക്കകം ജമീല മൻസിൽ ഷെഹനയുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീടിന്‍റെ മതിൽ ചാടിക്കയറിയ മോഷ്ടാവ് മുൻവശത്തെ വാതിൽ തകർത്താണ് കവര്‍ച്ച നടത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ചൊവ്വാഴ്‌ച വൈകുന്നേരം ഷെഹന സുഖമില്ലാതെ കിടക്കുന്ന മാതാവിനെ കാണാൻ കാപ്പിക്കാട്ടെ വീട്ടിൽ പോയിരുന്നു. ഭർതൃമാതാവ് ജമീലയും രാത്രി സമീപത്തെ കുടുംബ വീട്ടിലായിരുന്നു.
ALSO READ:രാത്രിയിൽ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് 5 വർഷം തടവ്
പുലർച്ചെ അഞ്ച് മണിയോടെ ജമീല വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതും പൂട്ട് പൊളിഞ്ഞുകിടക്കുന്നതും കാണുന്നത്. തുടർന്ന് ഷെഹനയെയും സഹോദരൻ താഹിറിനെയും വിവരം അറിയിക്കുകയായിരുന്നു. കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി പരിശോധന നടത്തി.