തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തേണ്ടത് ജൂൺ ഒന്നിനാണ്. എന്നാൽ ഈ വർഷം ജൂൺ അഞ്ചിന് എത്താനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്. ഈ വർഷം മികച്ച മഴ ലഭിക്കുമെന്നാണ് പ്രവചനം. നൂറ് ശതമാനം മഴ ലഭിക്കും. ഇപ്പോൾ ലഭിക്കുന്ന വേനൽ മഴ തുടരും. പത്ത് ശതമാനം അധിക മഴയാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്.
21 സെന്‍റീമീറ്റർ മഴ ലിക്കേണ്ടിടത്ത് 23 സെന്‍റീമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും മികച്ച മഴ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലാണ് ഏറ്റവുംകൂടുതൽ മഴ ലഭിച്ചിരിക്കുന്നത്. 53 ശതമാനം മഴയാണ് കോട്ടയത്ത് ലഭിച്ചത്. ഇപ്പോൾ ലഭിക്കുന്ന മഴ അഞ്ച് ദിവസം കൂടി തുടരും. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ തീര മേഖലകളിൽ ശക്തമായ കാറ്റ് വീശും. മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.