തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരും. പരിപാടിയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശില്‍പ്പശാല എന്നിവയുണ്ടാകും. . മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് സംഘാടക സമിതിയോഗം ചേര്‍ന്നത്. വിവിധ ഉപസമിതികളും രൂപീകരിച്ചു. സഭയിലെ മൂന്നിലൊന്ന് പേർ വിരമിക്കുന്നതിനാല്‍ പകരം അംഗങ്ങളെ തെരഞ്ഞെടുക്കാൻ യോഗം തീരുമാനിച്ചു. പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാവണം പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്മേളനത്തിനു ശേഷം കൊച്ചിയില്‍ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തിന്‍റെ ഭാഗമായി വിദേശ തൊഴിലുടമകളുടെ സമ്മേളനവും തൊഴിൽ മേളയും നടത്തും. ഡിസംബർ ഏഴിന് കൊച്ചിയിലാണ് പരിപാടി സംഘടിപ്പിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്‌ട്ര സെമിനാറുകളും സംഘടിപ്പിക്കും.സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.