തിരുവനന്തപുരം : റബർ മരങ്ങൾ കാറ്റത്ത് കടപുഴകി വീണ് വീടിന്‍റെ മേൽക്കൂര തകർന്നു. പോത്തൻകോട് പഞ്ചായത്തിൽ കല്ലൂർ കരിക്കോത്തുമൂല പുത്തൻവീട്ടിൽ
വാസന്തിയുടെ വീടിൻ്റെ മേൽക്കൂരയാണ് സമീപ പുരയിടത്തിലെ റബർ മരങ്ങൾ വീണ് തകർന്നത്. ഭൂമിയുടെ ഉടമസ്ഥനെയും വാർഡംഗത്തെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ മഴയിൽ വീടും തകർന്നു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
ലോക്ക് ഡൗണിനു രണ്ടു ദിവസം മുൻപ് വാസന്തി എറണാകുളത്തു താമസിക്കുന്ന മകൾ രജനിയുടെ വീട്ടിലേക്കു പോയിരുന്നു. വാസന്തിയുടെ മകൻ അഗ്നീന്ദർസിങ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അപകട ദിവസം അഗ്നീന്ദർസിങ്ങും സമീപത്തെ ബന്ധുവീട്ടിലായിരുന്നു. 2008 ൽ പഞ്ചായത്ത് ധനസഹായം കൊണ്ട് നിർമിച്ച വീടാണിത്. ഇക്കഴിഞ്ഞ എട്ടിനാണ് മരങ്ങൾ വീണ് മേൽക്കൂര തകർന്നത് . വാർഡ് മെമ്പറുടെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബർ മരങ്ങളാണ് ഒടിഞ്ഞ് വീണത്. അതിനാൽ വാർഡ് മെമ്പറുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്നും വീട്ടുകാർ ആരോപിക്കുന്നു.