തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ അതേപടി നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ താന്‍ സ്വകാര്യ ബില്ല് കൊണ്ടു വന്നത് രാഷ്ട്രീയ നേട്ടത്തിനല്ലെന്ന് കോവളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎല്‍എയുമായ എം. വിന്‍സെന്‍റ്. ശബരിമല വിശ്വാസികളുടെ ഹൃദയത്തില്‍ മുറിവേറ്റതു കൊണ്ട് അതിനുള്ള പ്രതിവിധിയായാണ് താന്‍ സ്വകാര്യബില്ലിന് അനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അതിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥമായ സമീപനം കൈക്കൊണ്ടത് യുഡിഎഫ് മാത്രമാണ്. സിപിഎം ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി റോഡിലിറങ്ങി പ്രശ്‌നം വഷളാക്കാനാണ് ശ്രമിച്ചത്. ആഴക്കടല്‍ ട്രോളിങ്ങിന് അനുമതി നല്‍കിയതിലൂടെ കോവളം ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളി മേഖലകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം വിന്‍സെന്‍റ് ഇടിവി ഭാരതിനോട് പറഞ്ഞു.