തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമുള്ള തടവുകാരിലേറെയും കൊലക്കേസിലോ പീഢനക്കേസിലോ പ്രതികൾ. ലൈംഗിക കുറ്റകൃത്യങ്ങളിൽ വിവിധ ജയിലുകളിൽ കഴിയുന്ന 28ൽ 17 പേരും പോക്സോ കേസുകളിലാണ് കുടുങ്ങിയതെന്ന ഞെട്ടിക്കുന്ന കണക്കാണ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നത്. ബിരുദമോ അതിലേറെയോ യോഗ്യതയുള്ള 137 പേരാണ് വിവിധ ജയിലുകളിൽ കഴിയുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തടവുകാരുടെ എണ്ണത്തിൽ രാജ്യത്ത് 16-ാം സ്ഥാനത്താണ് കേരളം. കൊലപാതക കേസുകളിൽ 37 പേർ ശിക്ഷ അനുഭവിക്കുന്നുണ്ട്. 11 പേർ മോഷണക്കുറ്റത്തിനും 19പേർ ലഹരിവസ്തുക്കൾ കടത്തിയതിനും ജയിലിലാണ്. അടിപിടി, അക്രമം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയുമുണ്ട്.
ബിരുദമുള്ള 103 പേരും ബിരുദാനന്തരബിരുദമുള്ള 18 പേരും സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നു. രണ്ടു പേർക്ക് എംഫിൽ ആണ് യോഗ്യത. എംബിബിഎസ് യോഗ്യതയുള്ള രണ്ടു പേർ തിരുവനന്തപുരം വനിതാ ജയിലിൽ കഴിയുന്നു. ബിഎഡ് യോഗ്യതയുള്ള ഒരാളും സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളുള്ള ഏഴു പേരും പ്രൊഫഷണൽ ബിരുദമുള്ള ആറുപേരും ജയിലുകളിലുണ്ട്. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം വനിതാ ജയിലിൽ എത്തിയ ശേഷമാണ് ഒരു പ്രതി ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. അതേസമയം ഉയർന്ന വിദ്യാഭ്യാസമുള്ളവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ അത്ഭുതമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്. മെച്ചപ്പെട്ട ആസൂത്രണത്തോടെ ഇക്കൂട്ടർ കുറ്റകൃത്യം നടപ്പാക്കുന്നതിനാൽ പിടിക്കപ്പെടുന്നവർ താരതമ്യേന കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സമാന കാഴ്ചപ്പാടാണ് ജയിലധികൃതരും പങ്കുവയ്ക്കുന്നത്. ഉയർന്ന വിദ്യാഭ്യാസമുള്ള കുറ്റവാളികളിൽ ഏറിയ പങ്കും ജയിലിലെത്താതെ നോക്കുന്നവരാണ്. രക്ഷപ്പെടാനാവാത്ത വിധം നിയമനടപടികളിൽ കുരുങ്ങുന്നവർ മാത്രമാണ് ജയിലിലെത്തുക.അതേസമയം, ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്ന സംഭവങ്ങളിൽ കൂടുതലായി ഉൾപ്പെടുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. പോക്സോ നിയമത്തിന്‍റെ വരവും സ്കൂളുകളിലെ കൗൺസിലിംഗ് സംവിധാനവുമാണ് പലരും പിടിക്കപ്പെടാൻ വഴിയൊരുക്കിയത്. ഉന്നതവിദ്യാഭ്യാസം കുറ്റവാസന ഇല്ലാതാക്കുന്നില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ ആസൂത്രണത്തോടെ കുറ്റകൃത്യം നടപ്പാക്കാൻ പലപ്പോഴും വിദ്യാഭ്യാസം സഹായിക്കുകയും ചെയ്യുന്നു. പല കേസിലും കർക്കശവും ശാസ്‌ത്രീയവുമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള കൂടുതൽ പേർ ജയിലിൽ എത്തുമായിരുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.