തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് കല സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതി വേണമെന്ന് സർക്കുലർ. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് സർക്കുലർ പുറത്തിറക്കിയത്. കലാ സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യൂണിറ്റ് മേധാവികളിൽ നിന്നുമാണ് അനുമതി തേടേണ്ടത്. നാടക പ്രവർത്തനം, സിനിമ പ്രവർത്തനം, റേഡിയോകളിൽ ശബ്‌ദ നാടകങ്ങൾ, സാഹിത്യ പ്രവർത്തനം എന്നിവയിൽ പങ്കെടുക്കാൻ ഇനി മുതൽ അനുമതി തേടണം എന്നാണ് പുതിയ ശാസന.
കലാ പ്രവർത്തനങ്ങൾക്കായി ഒരു മാസം മുൻകൂറായി അപേക്ഷ സമർപ്പിക്കണം. പൊലീസ് ആസ്ഥാനത്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇവിടെ നിന്നും തന്നെ ഒരു മാസത്തിന് മുൻപ് അനുമതി ലഭിച്ചതായി ഉത്തരവ് വാങ്ങണം. സർക്കാർ ഉദ്യോഗസ്ഥർ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തുന്നത് ശിക്ഷാർഹമാണെന്ന് പറഞ്ഞു ആരംഭിക്കുന്ന ഉത്തരവിൽ അതാത് യൂണിറ്റ് ഓഫിസുകളിൽ നിന്നും ഇതേ മാതൃകയിൽ അനുമതി തേടണം.
അച്ചടക്ക സേന എന്ന നിലയിലാണ് മുൻകൂർ അനുമതി തേടണമെന്ന് സർക്കുലറിൽ ആവശ്യപ്പെടുന്നത്. യൂണിറ്റ് മേലധികാരിയുടെ ശുപാർശയോട് മാത്രമേ കലാപ്രവർത്തനങ്ങൾക്കായി അവധി അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളു. ഓരോരുത്തരുടെയും അപേക്ഷ പ്രത്യേകമായി പരിശോധിച്ച ശേഷമാകും അനുമതി നൽകുക.
സർക്കാർ തലത്തിൽ അപേക്ഷ പരിഗണിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. അനുമതിക്കായി ഓരോ അപേക്ഷകന്‍റെയും മെറിറ്റ് സ്കോറും പരിശോധിക്കും. അനുമതി ഇല്ലാതെ കല സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.