തിരുവനന്തപുരം: രാഷ്ടീയകാര്യസമിതിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. ഇതേ തുടര്‍ന്ന് അടുത്ത മാസം ചേരാനിരുന്ന രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെച്ചു. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് തീരുമാനം. വിമര്‍ശനങ്ങള്‍ രാഷ്ട്രീയകാര്യസമിതിയുടെ പ്രസക്തി നഷ്ടപ്പെടുത്തി എന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രധാനമായ ഒരു തീരുമാനവും യോഗത്തില്‍ എടുത്തില്ല. സിഎജി റിപ്പോര്‍ട്ടിലെ ഡിജിപിക്കെതിരെയുള്ള ആരോപണത്തില്‍ അടുത്ത മാസം ഏഴിന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ മാത്രമാണ് തീരുമാനിച്ചത്.
വിമര്‍ശനങ്ങള്‍ മാത്രമാണ് യോഗത്തില്‍ ഉണ്ടായതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ എല്ലാം മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാഷ്ട്രീയകാര്യസമിതി ഇനി വിളിക്കണമോ എന്ന് ഹൈക്കാമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കഴിഞ്ഞ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ മുല്ലപ്പള്ളിക്കെതിരെ കെ.സുധാകരനും വി.ഡി സതീശനും അടക്കമുള്ള നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടു പോകുന്നതില്‍ അധ്യക്ഷന്‍ പരാജയമാണ് എന്നായിരുന്നു വിമര്‍ശനം.