തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായാൽ അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ടാം തരംഗത്തിലേതിനേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള വൈറസുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്കാകും ഈ ഘട്ടത്തിൽ രോഗം കൂടുതൽ ഗുരുതരമാവുക. അതു കൊണ്ട് തന്നെ പരമാവധി വേഗത്തിൽ എല്ലാവരും വാക്സിനേഷൻ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.
ALSO READ:അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു
വാക്‌സിൻ വിതരണം കേന്ദ്ര സർക്കാർ നിർദേശത്തിൽ നടക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ രജിസ്ട്രേഷൻ ഒഴിവാക്കാൻ കഴിയില്ല. ദൂരെയുള്ള വാക്‌സിനേഷൻ സെന്‍റർ ലഭിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കും. ഇതിനായി ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുന്നുണ്ട്. പരമാവധി വേഗത്തിൽ ഇതിൽ ഇടപെടൽ ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.