തിരുവനന്തപുരം: ലോക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ ചെലവഴിക്കുന്ന സമയം കൃഷിക്കായി വിനിയോഗിക്കാന്‍ പദ്ധതിയുമായി കൃഷിവകുപ്പ്. സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തും തൈകളും സൗജന്യമായി എത്തിച്ചു നല്‍കും. തിരുവനന്തപുരം ജില്ലയില്‍ 'വീട്ടിലിരിക്കാം വിളവെടുക്കാം' എന്ന പേരില്‍ ആരംഭിച്ച പദ്ധതിയില്‍ രണ്ടര ലക്ഷം വിത്തു പാക്കറ്റുകള്‍ വി എഫ് പി സി കെ വിതരണം ചെയ്യും. മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വെണ്ട, പയര്‍, പാവല്‍, ചീര, തക്കാളി തുടങ്ങിയവയുടെ വിത്തുകളാണ് ലഭ്യമാക്കുക. റേഷന്‍കടകളിലൂടെ സൗജന്യമായി നല്‍കുന്ന അരിക്കൊപ്പം പച്ചക്കറി വിത്തുകളും നല്‍കും. ഇതുവഴി എത്ര കുടുംബങ്ങളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിയെന്ന് ഉറപ്പാക്കാനാവും. കൃഷിഭവനില്‍ ബന്ധപ്പെട്ടാലും വിത്തുകള്‍ സൗജന്യമായി എത്തിച്ചുനല്‍കും. പച്ചക്കറിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാനും പദ്ധതി വഴി സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വിത്തുവിതരണം ആരംഭിച്ചുകഴിഞ്ഞു. രണ്ടര ലക്ഷം വിത്തുകളാണ് തിരുവനന്തപുരത്ത് മാത്രം വിതരണം ചെയ്യുന്നത്. നാളെ മുതല്‍ എല്ലാ ജില്ലകളിലും വിതരണം ആരംഭിക്കും. സര്‍ക്കാരിന്‍റെ സന്നദ്ധ പ്രവർത്തകർ വഴിയും ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ വഴിയും വിത്തുകളെത്തിക്കും.