തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് എകെജി സെന്ററില് മുഖ്യമന്ത്രിയെ കണ്ടത്. മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമം വിവാദമായതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ എ. സുഹാസിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ സിപിഐക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എം.എല്‍.എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. യോഗം അരമണിക്കുറോളം നീണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു.